ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗായകൻ കെ.പി. ബ്രഹ്മാനന്ദന്റെ മകനും ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ നയിക്കുന്ന ലൈവ് മ്യൂസിക് പ്രോഗ്രാം "ലാലാ' ശനിയാഴ്ച ബാർക്കിംഗിൽ റിപ്പിൾ സെന്ററിൽ നടക്കും.
വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ സംഗീത പരിപാടികളുടെ ഭാഗമായി പങ്കെടുക്കുന്ന രാകേഷ് ബ്രഹ്മാനന്ദൻ പല ഭാഷകളിലായി നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്.
ഈ വർഷത്തെ കെ.പി. ബ്രഹ്മാനന്ദൻ പുരസ്കാരം പ്രമുഖ ഗായകനും പ്രസിദ്ധ സംഗീത സംവിധായകനുമായിരുന്ന രവീന്ദ്രൻ മാഷിന്റെ മകനുമായ നവീൻ മാധവിന് നൽകും. പ്രോഗ്രാമിനോടനുബന്ധിച്ച് യുകെയിലും യൂറോപ്പിലെയും കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ സംഭാവനകളെ മാനിച്ചു പ്രമുഖ വ്യക്തികളെ പുരസ്കാരം നൽകി ആദരിക്കും.
ലൈവ് ഓർക്കസ്ട്ര കൈകാര്യം ചെയ്യുന്നത് പ്രഗത്ഭരായ കലാകാരന്മാരാണ്. യുകെയിൽ നിരവധി സ്റ്റേജ് ഷോകൾ നടത്തി പരിചയ സമ്പന്നനായ ജിബി ഗോപാലൻ പ്രോഗ്രാം കോഓർഡിനേറ്റർ ആയി പ്രവർത്തിക്കും.
പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുമെന്നും പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും ലണ്ടൻ മലയാള സാഹിത്യവേദി ജനറൽ കോഓർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റജി നന്തികാട്ട് - 07852437505, ജിബി ഗോപാലൻ - 07823840415.